അല്‍ഷിമേഴ്സ് രോഗത്തെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും അറിയാവുന്നതാണ്. അധികവും പ്രായാധിക്യം മൂലമാണ് തലച്ചോറിനെ ബാധിക്കുന്ന അല്‍ഷിമേഴ്സ് പിടിപെടുന്നത്. നമ്മുടെ ഓര്‍മ്മശക്തിയെ ആണ് കാര്യമായും അല്‍ഷിമേഴ്സ് ബാധിക്കാറ്. അതുകൊണ്ട് തന്നെ ഇതിനെ മറവിരോഗമെന്നും വിശേഷിപ്പിക്കാറുണ്ട്. അല്‍ഷിമേഴ്സ് രോഗം പിടിപെടുന്നതിന് പിന്നിലെ കാരണം കൃത്യമായി ഇതുവരെ കണ്ടെത്തപ്പെട്ടിട്ടില്ല.
ജനിതകമായതും, ജീവിതരീതികള്‍ സംബന്ധിച്ചതും, പാരിസ്ഥിതികവുമായ ഒരുപിടി കാരണങ്ങളാണ് അല്‍ഷിമേഴ്സിലേക്ക് നയിക്കുന്നതെന്ന് കരുതപ്പെടുന്നു. എന്തായാലും ഇതിനെ ചികിത്സയിലൂടെ ഭേദപ്പെടുത്തുക സാധ്യമല്ല. പക്ഷേ ഫലപ്രദമായ മരുന്നുകള്‍ അല്‍ഷിമേഴ്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് പല പഠനങ്ങളും നടന്നുവരുന്നുണ്ട്. ഇത്തരത്തില്‍ ജീവിതരീതികളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ ഒരളവ് വരെ അല്‍ഷിമേഴ്സ് രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ പതിവായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണിവിടെ പങ്കുവയ്ക്കുന്നത്.
* പതിവായി കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടുക. ഇത് കായികമായ ജോലികളോ, കായികവിനോദങ്ങളോ, വര്‍ക്കൗട്ടോ എന്തുമാകാം. പതിവായി വ്യായാമം ചെയ്യുന്നത് അസ്‍ഷിമേഴ്സിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
* ആരോഗ്യകരമായ ഭക്ഷണരീതി തന്നെ പിന്തുടരുക. പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങളും, ലീൻ പ്രോട്ടീൻ- ആരോഗ്യകരമായ കൊഴുപ്പ് എന്നിവയെല്ലാം ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്തുക. മധുരം നിയന്ത്രിക്കുന്നത് നല്ലതാണ്. അതുപോലെ പ്രോസസ്ഡ്- ജങ്ക് ഫുഡ്സും നിയന്ത്രിക്കുന്നത് നല്ലതാണ്
* ശരിയായ ഉറക്കവും തലച്ചോറിന്‍റെ ആരോഗ്യത്തിന് നിര്‍ബന്ധമാണ്. ദിവസവും ഏഴോ എട്ടോ മണിക്കൂര്‍ തുടര്‍ച്ചയായതും മുറിയാത്തതുമായ ഉറക്കം ഉറപ്പിക്കുന്നതോടെ അല്‍ഷിമേഴ്സിനെ പ്രതിരോധിക്കാൻ ഒരളവ് വരെ സാധിക്കും.
* തലച്ചോറിനെ ഉണര്‍ത്തുന്നതോ, സജീവമാക്കി നിര്‍ത്തുന്നതോ ആയ കാര്യങ്ങളില്‍ മുഴുകുന്നതും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇതും അല്‍ഷിമേഴ്സ് രോഗത്തെ പ്രതിരോധിക്കാൻ നമ്മെ സഹായിക്കും. വായന, കല, വ്യത്യസ്തമായ സ്കില്ലുകള്‍ സ്വായത്തമാക്കല്‍, പസില്സ് എല്ലാം ഇതിനുദാഹരണമാണ്.
* എപ്പോഴും ഉള്‍വലിഞ്ഞിരിക്കാതെ സാമൂഹികബന്ധങ്ങള്‍ക്കും ജീവിതത്തില്‍ സ്ഥാനം നല്‍കുക. ആരോഗ്യകരമായ സൗഹൃദങ്ങളും ബന്ധങ്ങളുമെല്ലാം സൂക്ഷിക്കാൻ സാധിക്കണം. കുടുംബവുമായും നല്ല ബന്ധം സൂക്ഷിക്കണം. ഇത്തരത്തിലുള്ള ജീവിതരീതികളെല്ലാം തന്നെ അല്‍ഷിമേഴ്സിനെ ഒരു പരിധി വരെ ചെറുക്കാൻ സഹായിക്കും.
* പതിവായി മാനസികസമ്മര്‍ദ്ദം, അഥവാ സ്ട്രെസ് അനുഭവിക്കുന്നതും ഭാവിയില്‍ അല്‍ഷിമേഴ്സ് സാധ്യത കൂട്ടുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാല്‍ കഴിയുന്നതും സ്ട്രെസ് വരാനുള്ള മാര്‍ഗങ്ങളെ തടസപ്പെടുത്തുക. സ്ട്രെസിനെ കൈകാര്യം ചെയ്തും പരിശീലിക്കണം.
* മദ്യപാനം, പുകവലി എന്നീ ദുശ്ശീലങ്ങളും തലച്ചോറിനെ ക്രമേണ ദോഷകരമായി ബാധിക്കാം. അതിനാല്‍ ഈ ദുശ്ശീലങ്ങളില്‍ നിന്ന് കഴിയുന്നതും വേഗം പുറത്തുകടക്കുക.
* തലയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള പരുക്കോ ആഘാതങ്ങളോ ഏല്‍ക്കുന്നതും അല്‍ഷിമേഴ്സ് സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ ഇക്കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തുക.