യെമനിൽ നിന്നുള്ള അറേബ്യൻ ഭക്ഷ്യ വിഭവമാണ് കുഴിമന്തി. രുചിയില്‍ മുന്‍പന്തിയിലാണ് ഈ അറേബ്യന്‍ വിഭവം. വ്യത്യസ്തമായ രുചിയും കുറഞ്ഞ കൊഴുപ്പുമുള്ള ബിരിയാണിയുടെ ചെറുപതിപ്പായ കുഴിമന്തി കേരളത്തിലേക്ക് കടന്നുവന്നിട്ട് അധിക കാലമായില്ല. അറേബ്യന്‍ നാടുകളിലൂടെ പ്രശസ്തമായി ഒടുവില്‍ കേരളത്തിൽ തരംഗമായി മാറിയ കുഴമന്തിയും അൽഫാം, ഷവർമ തുടങ്ങിയ ഭക്ഷണ വിഭവങ്ങളും ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. എന്നാൽ ഇവ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്നു എന്ന വാർത്ത തുടർച്ചയായി വരുന്നു. എന്നാൽ പ്രശ്നം ഈ അറേബ്യൻ വിഭവങ്ങളുടേതല്ല.
ഭക്ഷ്യ വിഷ ബാധ ഉണ്ടാകാനുള്ള കാരണങ്ങൾ
വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നുകൊണ്ടുവരുന്ന മാംസം, ശുചിത്വമില്ലാത്ത പാചകം, രോഗികളായ പാചകത്തൊഴിലാളികൾ, യോഗ്യതയില്ലാത്ത പാചകക്കാർ, പാചകത്തിന് ഉപയോഗിക്കുന്ന മലിന ജലം, ഇറച്ചി പാചകത്തിനുമുമ്പായി മണിക്കൂറുകളോളം സൂക്ഷിക്കുന്നത് ഇവയെല്ലാം ഭക്ഷ്യ വിഷബാധയ്ക്കു കാരണമാകുന്നു. രാത്രി കൊല്ലുന്ന കോഴികളെയാണ് വൃത്തിയാക്കി രാവിലെ പല ഹോട്ടലുകളിലും എത്തിക്കുന്നത്. ഈ മാംസം പിറ്റേന്ന് ഉച്ചക്കോ രാത്രിയോ ആണ് പാചകത്തിന് ഉപയോഗിക്കുന്നത്. ഇത് മാംസത്തിൽ സാൽമോണല്ല ബാക്ടീരിയ, ഷിഗെല്ല, ഇ – കോളെ ബാക്ടീരിയ ഇവ പെരുകാൻ ഇടയാക്കും. പലഹോട്ടലുകളിലും സ്ഥലപരിമിതി കാരണം സെപ്റ്റിക് ടാങ്കുകൾ കുടിവെള്ള സംഭരണികളുടെ അടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇത് ജലത്തിൽ ഇ – കോളെ ബാക്ടീരിയ, ഷിഗെല്ലെ ബാക്ടീരിയ ഇവ പെരുകുന്നതിന് കാരണമാകുന്നു.
ഷിഗെല്ലെ ബാക്ടീരിയ
മലിന ജലത്തിലൂടെയാണ് ഷിഗെല്ലാ ബാക്ടീരിയ മനുഷ്യരിൽ എത്തുന്നത്. രക്തം കലർന്ന വയറിളക്കമാണ് പ്രധാന ലക്ഷണം.
ഇ – കൊളെെ ബാക്ടീരിയ
മനുഷ്യ വിസർജനത്തിൽ കാണുന്ന ബാക്ടീരിയ ആണ് ഇ – കൊളെ ബാക്ടീരിയ. വൃത്തി ഹീനമായ വെള്ളത്തിൽ പാകം ചെയ്യുന്നതാണ് ഇ – കൊളെ ബാക്ടീരിയ ഭക്ഷണത്തിൽ കലരാൻ കാരണം. കഠിനമായ വയറുവേദന, രക്തം കലർന്ന വയറിളക്കം, ഛർദ്ദി, എന്നിവയാണ് രോഗലക്ഷണങ്ങൾ.
സാൽമോണല്ല ബാക്ടീരിയ
സാൽമോണല്ല ബാക്ടീരിയ സാധാരണയായി ചെറുകുടലിനെയാണ് ബാധിക്കുന്നത്. ഇത്തരം ബാക്ടീരിയ ചൂടിലും നനവിലും പെരുകി മാംസം വിഷമയമാകുന്നു. ഇത്തരം മാംസം എത്ര നന്നായി വേവിച്ചാലും ഇതിലെ വിഷാംശം നശിക്കുകയില്ല. ഈ ഭക്ഷണങ്ങൾ കഴിച്ച് മൂന്നോ നാലോ മണിക്കൂറുകൾക്കുള്ളിൽ തന്നെ രോഗ ബാധിധരായി തീരുന്നു. വയറിളക്കം, ഛർദ്ദിൽ, പനി, തലവേദന ഇവയാണ് രോഗലക്ഷണങ്ങൾ.
മയോണൈസ്
മയോണൈസ് ആണ് ഭക്ഷ്യ വിഷബാധയ്ക്ക് ഇടയാക്കുന്ന മറ്റൊരു ഭക്ഷ്യ വസ്തു. പച്ചമുട്ടയിൽ വെളുത്തുള്ളിയും എണ്ണയും ചേർത്താണ് ഇത് പാകപ്പെടുത്തുന്നത്. വളരെ നേരം മുമ്പ് തയ്യാറാക്കി വച്ച് ഉപയോഗിക്കുന്നതാണ് ഭക്ഷ്യ വിഷബാധ ഉണ്ടാകാൻ കാരണമാകുന്നത്. മയോണൈസ് രണ്ടു മണിക്കൂറിലേറെ സാധാരണ താപനിലയിൽ സൂക്ഷിച്ചാൽ അത് ഭക്ഷ്യയോഗ്യമല്ലാതാകുന്നു. കൂടാതെ മുട്ടയുടെ പുറംതോടിൽ ഉള്ള അഴുക്കും ബാക്ടടീരിയ പെരുകാൻ കാരണമാകുന്നു. മുട്ടയിലെ സാൽമോണല്ല ബാക്ടീരിയായും ഭക്ഷ്യ വിഷബാധയിലേയ്ക്ക് നയിക്കുന്ന പ്രധാന കാരണമാണ്. മയോണൈസിലൂടെ വളരുന്ന ബാക്ടീരിയ സാധാരണ താപനിലയിൽ ആറ് മണിക്കൂറിലേറെ സൂക്ഷിച്ചാൽ ഇത് പെരുകാനുള്ള സാധ്യത ഏറെയാണ്. ഇത്തരം ഭക്ഷണങ്ങൾ പാഴ്സലായി വാങ്ങുന്നവർ രണ്ടുമണിക്കൂറിനുള്ളിൽ അവ കഴിക്കുകയെന്നതാണ് എറ്റവും പ്രധാനപ്പെട്ട കാര്യം.
അൽഫാം
അറേബ്യൻ നാടുകളിലെ വിശേഷ പരിപാടിയിലെ ഭക്ഷണമാണ് അൽഫാം. എന്നാൽ ഇന്ന് കേരളത്തിൽ സ്ഥിരം അല്ലെങ്കിൽ സാധാരണ രീതികളിൽ ഒന്നായി മാറിയിരിക്കുകയാണ് ഈ അറേബ്യൻ വിഭവം. കലോറിയോ കൊഴുപ്പോ ഒന്നും ഇല്ലെന്ന് നമ്മൾ വിശ്വസിച്ചിരുന്ന അൽഫാം, ഷവർമ്മ പോലെതന്നെ അല്ലെങ്കിൽ അതിലുപരിയായി പ്രശ്നക്കാരനായി മാറിയിരിക്കുകയാണ്. അൽഫാമിലെ മാംസം, മയോണൈസ്, സാലഡ് ഇവയെല്ലാം തന്നെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന ഭക്ഷ്യ വിഭവങ്ങളാണ്. പഴകിയ മാംസം എന്നതിലുപരി പാകം ചെയ്യുന്ന രീതിയും അൽഫാമിലൂടെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന മറ്റൊരു വസ്തുതയാണ്. കൃത്യമായി വേവാത്ത മാംസത്തിൽ ബാക്ടീരിയ പെരുകാൻ കാരണമാകുന്നു. ഈ ഭക്ഷണം ശരീരത്തിൽ പ്രവേശിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു. കൂടാതെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന മാംസം ശരിയായ രീതിയിൽ വേവിക്കാതെ ഉപയോഗിക്കുന്നതും ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകുന്നു. നാല് ഡിഗ്രി സെൻീ ഗ്രേഡിൽ വേവിക്കാതെ മാംസം ഉപയോഗിക്കുന്നതും ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകുന്നു. മാംസം സൂക്ഷിക്കുന്നതും അതുപോലെ തന്നെ അത് പുറത്തെടുത്ത് ശരിയായ രീതിയിൽ വേവിച്ചതിനുശേഷം മാത്രം ഉപയോഗിക്കുകയും ചെയ്യുക എന്നതു മാത്രമാണ് അണുനശീകരണത്തിനുള്ള മികച്ചരീതി.
ഷവർമ്മ
മറ്റൊരു അറേബ്യൻ ഭക്ഷ്യ വിഭവമാണ് ഷവർമ്മ. കേരളത്തിൽ ഈ വിഭവത്തിന് ആരാധകർ ഏറെയാണ്. എല്ലില്ലാത്ത ഇറച്ചി മുകൾ ഭാഗത്ത് നിന്ന് താഴോട്ട് കനം കുറഞ്ഞ് വരത്തക്ക വിധമാണ് ഷവർമ്മക്കമ്പിയിൽ ഇറച്ചി കൊരുക്കുന്നത്. കേരളത്തിൽ അന്തരീക്ഷത്തിൽ ഈർപ്പം തങ്ങി നിൽക്കുന്ന അവസ്ഥ ഉള്ളതിനാലും, അതുപോലെ മാംസത്തിൽ ശരിയായ രീതിയിൽ ചൂട് ലഭിക്കാതെ വരികയും ചെയ്യുന്നതിനാലും ഇറച്ചി നന്നായി വേവുന്നില്ല. അതിനാൽ മാംസത്തിൽ ബാക്ടീരിയായും വൈറസും വളരുന്നതിന് കാരണമാകുന്നു. അതിനാൽ നല്ലവണ്ണം പാകം ചെയയ്തു വേണം ഇത് കഴിക്കാൻ. അതുപോലെ ഉടനെ കഴിക്കുകയും വേണം.
ഇത്തരം ഭക്ഷണങ്ങൾ അധികമായി ഉപയോഗിക്കുന്നത് ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്.