നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് മുരിങ്ങയ്ക്ക. എന്നാല്‍ പലര്‍ക്കും ഇത് അറിയില്ല. ആന്‍റി ഓക്സിഡന്‍റുകള്‍,കാത്സ്യം,അയണ്‍, വിറ്റാമിൻ ബി6,
വിറ്റാമിൻ സി,വിറ്റാമിൻ എ, ഇരുമ്പ്, അമിനോ ആസിഡുകള്‍ തുടങ്ങിയ അവശ്യ
പോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ മുരിങ്ങയ്ക്ക സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.കാര്‍ബോഹൈഡ്രേറ്റുകളെ ഗ്ലൂക്കോസായി വിഘടിപ്പിക്കുന്നതില്‍ നിര്‍ണ്ണായകപങ്കു വഹിക്കുന്ന മുരിങ്ങയിലയും മുരിങ്ങയ്ക്കയും പതിവായി കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും.
മുരിങ്ങയുടെ മറ്റ് ആരോഗ്യ ഗുണങ്ങൾ
- ആന്‍റി ഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയ മുരിങ്ങയിലയും മുരങ്ങയ്ക്കയും രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- അയണ്‍ ധാരാളം അടങ്ങിയ മുരിങ്ങയില പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
- മുരിങ്ങയില കഴിക്കുന്നത് ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള രക്താരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
- ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും മുരിങ്ങയില സഹായിക്കും.
- മലബന്ധം,വയറിളക്കം, ഗ്യാസ് തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ മുരിങ്ങയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
- എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവ മുരിങ്ങയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
- മുരിങ്ങയിലയിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ എ, സി കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിനും മുടിക്കും ആരോഗ്യം നല്കുന്നു.
ദിവസവും മുരിങ്ങ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുമൂലം ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗം, പ്രമേഹം, ക്യാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.