കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളില്‍ കൊഴുപ്പ് അടിയുന്നത്. മദ്യപാനം മൂലമുള്ളതിനെ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം എന്നാണ് പറയുന്നത്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിൻെറ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.
ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങള്‍, ജങ്ക് ഫുഡ്, മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം. ഫാറ്റി ലിവര്‍ രോഗമുള്ളവരും, ഫാറ്റി ലിവര്‍ രോഗം ഇനി വരാതിരിക്കാനും
ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം
ഒന്ന്
ക്രൂസിഫറസ് പച്ചക്കറികള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീര, ബ്രൊക്കോളി, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ അവശ്യ പോഷകങ്ങളുടെ പവര്‍ഹൗസുകളാണ്. വിറ്റാമിന്‍ എ, സി, കെ, അതുപോലെ ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ഈ പച്ചക്കറികള്‍ കരളിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇലക്കറികളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കും. അതിനാല്‍ ഫാറ്റി ലിവര്‍ രോഗ സാധ്യത കുറയ്ക്കാനും ഫാറ്റി ലിവര്‍ രോഗമുള്ളവരും ഇത്തരം പച്ചക്കറികള്‍ തെരഞ്ഞെടുത്ത് കഴിക്കുന്നത് ഗുണം ചെയ്യും.
രണ്ട്
ഫാറ്റി ഫിഷാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫാഷില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ കരളിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
മൂന്ന്
ബ്രൗണ്‍ റൈസ്, റെഡ് റൈസ്, ഹോള്‍ ഗോതമ്ബ് ഉല്‍പന്നങ്ങള്‍ തുടങ്ങിയ ശുദ്ധീകരിച്ച ധാന്യങ്ങളും ഫാറ്റി ലിവര്‍ നിയന്ത്രിക്കാൻ സഹായിക്കും. ഇവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ, ഇവയില്‍ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്
ബെറി പഴങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഫാറ്റി ലിവര്‍ രോഗ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
അഞ്ച്
നട്സും ഡ്രൈ ഫ്രൂട്ട്സാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ കരളിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.