ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. നാരുകള്‍, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുള്‍പ്പെടെ നിരവധി പോഷകങ്ങള്‍ ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്.പോഷകസമ്പുഷ്ടമായ ബ്രൊക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങളറിയാം…
ഒന്ന്
ആവിയില്‍ വേവിച്ച ബ്രൊക്കോളി പതിവായി കഴിക്കുന്നത് ശരീരത്തിലെ മൊത്തം കൊളസ്‌ട്രോളിൻെറ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. ന്യൂട്രീഷൻ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ശരീരത്തിലെ കൊളസ്‌ട്രോള്‍ ലെവല്‍ കുറച്ച് ഹൃദയത്തിനും രക്തധമനികള്‍ക്കും രോഗങ്ങള്‍ വരാനുള്ള സാധ്യത ബ്രൊക്കോളി കുറയ്ക്കുമെന്നും പഠനത്തില്‍ പറയുന്നു.
രണ്ട്
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്നതിന് തെളിവുകളുണ്ട്. ബ്രൊക്കോളിയുടെ ഒരു പ്രധാന ഘടകം സള്‍ഫോറാഫെയ്ൻ എന്നറിയപ്പെടുന്ന ഒരു ഫൈറ്റോകെമിക്കല്‍ ആണ്. ബ്രോക്കോളിക്ക് കാൻസര്‍ വിരുദ്ധ ഗുണങ്ങളുണ്ടെന്നും പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്നും കൂടുതല്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
മൂന്ന്
പ്രായം കൂടുന്തോറുമുണ്ടാകുന്ന കാഴ്ചക്കുറവിനെ ഒരുപരിധിവരെ പിടിച്ചുനിര്‍ത്താനും രാത്രികാലങ്ങളിലെ കാഴ്ചക്കുറവു തടയാനും ബ്രൊക്കോളി സഹായിക്കുമെന്ന് ഒരുകൂട്ടം ഗവേഷകര്‍ പറയുന്നു.
നാല്
ബ്രൊക്കോളിയില്‍ കരോട്ടിനോയിഡുകള്‍, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തിമിരം, മാക്യുലര്‍ ഡീജനറേഷൻ തുടങ്ങിയ വാര്‍ദ്ധക്യസഹജമായ നേത്രരോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി. ബ്രൊക്കോളിയില്‍ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്.
അഞ്ച്
സള്‍ഫര്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍, ബ്രൊക്കോളി കുടലിൻെറ ആരോഗ്യത്തെ സഹായിക്കും. അതിൻെറ ഫലമായി അണുബാധയ്‌ക്കെതിരായ പ്രതിരോധം മെച്ചപ്പെടുത്തും.
ആറ്
ആന്റിഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയിരിക്കുന്നതിനാല്‍ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
ഏഴ്
ചില പഠനങ്ങളനുസരിച്ച് ബ്രൊക്കോളി പോലുള്ള ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ദഹനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാണ്. ഇത് മികച്ച മലവിസര്‍ജ്ജനം ഉറപ്പാക്കുകയും മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു.