കുട്ടികൾ അവരുടെ ജനനം മുതൽ വിദ്യാഭ്യാസകാലഘട്ടം വരെ മാതാപിതാക്കളോടൊപ്പം ആണ് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത്. ഈ സമയം മാതാപിതാക്കളാണ് കുട്ടികളെ പലതും പഠിപ്പിക്കുന്നത്. എല്ലാ മാതാപിതാക്കൾക്കും തങ്ങളുടെ കുട്ടികളോട് ഒരുപാട് സ്നേഹം ഉണ്ട്. കുട്ടികളുടെ ചില കുസൃതികൾ മാതാപിതാക്കളെ സന്തോഷിപ്പിക്കാറുണ്ട്. എന്നാൽ ഈ സ്നേഹം കുട്ടികളെ ധാർഷ്ട്യം ഉള്ളവരാക്കി മാറ്റാനും സാധ്യത ഉണ്ട്. ചില മാതാപിതാക്കൾ കുട്ടികളോട് കർശനമായ രീതിയിൽ പെരുമാറുന്നു. എന്നാൽ ഈ കർശന സ്വഭാവം ചിലപ്പോൾ കുട്ടികളുടെ വളർച്ചക്ക് തടസ്സം സൃഷ്ടിക്കുന്നു. മാതാപിതാക്കളുടെ ഇത്തരം തെറ്റുകളെ കുറിച്ച് കൂടുതൽ അറിയാം.
താൽപര്യമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ നിർബന്ധിക്കരുത്
മാതാപിതാക്കൾ ഒരിക്കലും കുട്ടികൾക്ക് താൽപര്യമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ അവരെ നിർബന്ധിക്കരുത്. ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. കുട്ടികളുടെ താൽപര്യം എന്താണെന്നും അവരുടെ കഴിവ് തെളിയിക്കാൻ പറ്റുന്ന മേഖല എന്താണെന്നും തുടക്കത്തിലേ മനസ്സിലാക്കി അതിൽ നല്ല പരിശീലനം നെടികൊടുക്കുക മാത്രമാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്.
അടിയും വഴക്കും ഒഴിവാക്കുക
അടിയും വഴക്കും കൊണ്ട് മാത്രം കുട്ടികളെ നന്നാക്കിയെടുക്കാൻ കഴിയില്ല. അടിയുടെ വേദന മറക്കുമ്പോൾ അവർ തെറ്റ് ആവർത്തിക്കാൻ സാധ്യത ഉണ്ട്. അതിനാൽ മറ്റെന്തെങ്കിലും ശിക്ഷ കുട്ടികൾക്ക് കൊടുക്കാം. അതായത്, അവർ ഇഷ്ടപ്പെടുന്ന ഒരു കാര്യം നിഷേധിക്കാം. അത് സിനിമ കാണുന്നതോ , ഗെയിം കളിക്കുന്നതോ , നീന്തലോ എന്തുതന്നെയായാലും. ചെറിയ തെറ്റുകൾക്ക് ഇതുപോലെയുള്ള ചെറിയ ശിക്ഷകൾ കൊടുക്കണം.
ബുദ്ധിമുട്ടുകൾ കുട്ടികളെ അറിയിക്കുക
വീട്ടിലെ ബുദ്ധിമുട്ടുകൾ കുട്ടികളും അറിഞ്ഞിരിക്കണം. പല മാതാപിതാക്കളും കുട്ടികൾ എന്ത് ആവശ്യപ്പെട്ടാലും ഉടനെ അത് വാങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നത്. വീട്ടിലെ ഒരു സാമ്പത്തിക ബുദ്ധിമുട്ടുകളും അറിയിക്കാതെയാണ് ചില മാതാപിതാക്കൾ കുട്ടികളെ വളർത്തുന്നത്. അത് അവർക്ക് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. വീട്ടിലെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി പെരുമാറാൻ ചെറുപ്രായത്തിലേ കുട്ടികളെ പ്രാപ്തരാക്കുക.
അകലം പാലിക്കുന്നത്
കുട്ടിയുമായി മാതാപിതാക്കൾ ഒരിക്കലും അകലം പാലിക്കരുത്. പല മാതാപിതാക്കളും കുട്ടികളിൽ നിന്നും ബഹുമാനം നേടിയെടുക്കുന്നതിനായി കുട്ടികളുമായി അകലം പാലിക്കാറുണ്ട്. പക്ഷേ ,ഇത് തെറ്റാണ്. കുട്ടികളുമായി മാതാപിതാക്കൾ ഒരിക്കലും അകലം പാലിക്കരുത്. അവരോടൊപ്പം അടുത്തിടപഴകുന്നത് എപ്പോഴും നല്ലതാണ്. കുട്ടികൾ ഒരു നല്ല കാര്യം ചെയ്യുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കുക. എപ്പോഴും അവരിൽ ഒരാളായി കുട്ടികൾക്ക് മാതാപിതാക്കളെ കാണാൻ കഴിഞ്ഞാൽ അവർ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായിരിക്കും.
പിടിവാശി സമ്മതിക്കരുത്
ഒരു കാര്യം ചെയ്യരുത് എന്ന് തീർത്ത് പറഞ്ഞിട്ടും പിന്നെയും കുട്ടികൾ വാശി പിടിക്കുമ്പോൾ മാതാപിതാക്കളുടെ മനസ്സലിയും. കുട്ടികളുടെ പിടിവാശി കാരണം ചില കാര്യങ്ങളിൽ രക്ഷിതാക്കൾ അയഞ്ഞുകൊടുക്കാറുണ്ട്. എന്നൽ ഇത്തരം ഇളവുകൾ കുട്ടികൾ മുതലെടുക്കാൻ ശ്രമിക്കുന്നു. കരഞ്ഞാൽ കാര്യം നടക്കുമെന്ന് കുട്ടികൾ കരുതും. ശിക്ഷ നൽകുന്നത് രക്ഷിതാക്കളുടെ സൗകര്യത്തിന് ആകരുത്.
താരതമ്യം ചെയ്യരുത്
മാതാപിതാക്കൾ പലപ്പോഴും തങ്ങളുടെ കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാറുണ്ട്. പഠന കാര്യങ്ങളിൽ ആണ് കൂടുതൽ താരതമ്യം ചെയ്യാറുള്ളത്. പരീക്ഷക്ക് മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ നിരാശപ്പെടുത്തിത്തുകയും മറ്റുള്ളവരുടെ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഇത് കുട്ടികളുടെ മനസ്സിനെ തളർത്താൻ ഇടയാക്കും. മാത്രമല്ല, ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ ഏറെ ദോഷകരമായി ബാധിക്കും.