നെല്ലിക്കയുടെ ജ്യൂസ് മുടിയുടെ സംരക്ഷണത്തിനു ഏറെ സഹായകമാണ്. അവശ്യ പോഷകങ്ങളായ ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ സി എന്നിവ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു. ഇവ ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ പ്രശ്നങ്ങള്‍ അകറ്റുന്നതിനും വളരെയധികം സഹായിക്കുന്നു. നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.
നെല്ലിക്കയുടെ നീര് തലയോട്ടിയില്‍ പുരട്ടുന്നതിലൂടെ ചര്‍മ്മ വരള്‍ച്ചയെ സുഖപ്പെടുത്തുകയും താരൻ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. മാത്രമല്ല, നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആൻ്റി – ഇൻഫ്ലമെൻറി, ആൻ്റി – ബാക്ടീരിയൽ ഗുണങ്ങളും ഇതിലൂടെ ഉണ്ടാകുന്ന ചൊറിച്ചില്‍ അകറ്റാൻ സഹായിക്കും.
മൂന്ന് ടേബിള്‍സ്പൂണ്‍ നെല്ലിക്ക ജ്യൂസ് ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയിൽ ചേര്‍ത്ത് മുടിയില്‍ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞാൽ ഇത് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇതുപോലെ ചെയ്യാം.
രണ്ടോ മൂന്നോ സ്പൂണ്‍ നെല്ലിക്ക ജ്യൂസ് മൈലാഞ്ചിപൊടിയിൽ കലര്‍ത്തി മുടിയില്‍ പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് കഴുകുക. ഇത് മുടിയുടെ തിളക്കം വർധിപ്പിക്കുന്നതിനും കട്ടിയുള്ളതാക്കുന്നതിനും സഹായിക്കുന്നു.
പതിവായി നെല്ലിക്ക ജ്യൂസ് കുടിക്കുന്നതിലൂടെ മുടിയുടെ പൊട്ടല്‍ കുറയുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. കൂടാതെ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടിയുടെ വേരുകള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിനും ഉത്തമമാണ്.