ശരാശരി മലയാളികളുടെ ഒരു ദിവസം തുടങ്ങുന്നത് ഇത്തിരി കടുപ്പവും ഒത്തിരി മധുരവുമാർന്ന ഒരു ഗ്ലാസ്സ് ചായയിൽ നിന്നാണ്. എന്നാൽ ഈ ചായയുടെ കൂട്ട് ഇന്നത്തെ തലമുറയിലുളള പലർക്കും അറിയില്ലെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ എങ്ങനെ ശരിയായ രീതിയിൽ രണ്ട് കപ്പ് ചായ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകൾ
- പാൽ – ഒരു കപ്പ് (200 ml)
- വെളളം – അര കപ്പ് (100 ml)
- തേയില – ഒന്നര ടീ സ്പൂൺ
- പഞ്ചസാര – രണ്ട് ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1.
സ്റ്റൌ കത്തിച്ചതിന് ശേഷം ഒരു പാത്രം വച്ച് അര കപ്പ് വെളളം ഒഴിച്ച് നന്നായി തിളപ്പിക്കുക.
സ്റ്റെപ്പ് 2
വെളളം തിളച്ചു കഴിയുമ്പോൾ അതിൽ ഒന്നര ടീ സ്പൂൺ തേയിലപ്പൊടി ഇട്ടുകൊടുക്കുക. നല്ല കടുപ്പമുള്ള തേയിലപ്പൊടിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കടുപ്പം കുറഞ്ഞ തേയിലപ്പൊടിയാണ് ഉപയോഗിക്കുന്നതെങ്കിൽ കുറച്ച് തേയിലപ്പൊടികൂടി ചേർക്കാവുന്നതാണ്.
തേയില നന്നായി തിളപ്പിക്കുക (തീ കുറച്ചുവച്ചുവേണം തേയില തിളപ്പിക്കേണ്ടത് ) തേയിലയുടെ കടുപ്പം മുഴുവനും ലഭിക്കുന്നതിനുവേണ്ടിയാണ് തീ കുറച്ചു വച്ച് തിളപ്പിക്കുന്നത്.
സ്റ്റെപ്പ് 3
തേയില നന്നായി തിളച്ചു കഴിയുമ്പോൾ രണ്ട് ടീ സ്പൂൺ പഞ്ചസാര ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിനുള്ള മധുരമാണ് ഇവിടെ ചേർത്തിരിക്കുന്നത്. മധുരം കൂടുതൽ ആവശ്യമുള്ളവർക്ക് കുറച്ച് കൂടി ചേർക്കാവുന്നതാണ്.
സ്റ്റെപ്പ് 4
തേയിലയും പഞ്ചസ്സാരയും നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് കൊടുക്കുക. പാൽ ഒഴിച്ചതിനുശേഷം തീ മീഡിയം ഫ്ലേമിൽ വച്ച് തിളപ്പിക്കുക. ഈ സമയം ചായ നന്നായി ഇളക്കിക്കൊടുക്കേണ്ടതാണ്.
ചായ തിളച്ച് പൊങ്ങി കളയാതെ ശ്രദ്ധിക്കണം. കാരണം ചായ തിളച്ച് പൊങ്ങിക്കളഞ്ഞാൽ അതിൻെറ സ്വാദും ഗുണവും നഷ്ടപ്പെടാൻ ഇടയുണ്ട്.
സ്റ്റെപ്പ് 5
ചായ നന്നായി തിളച്ചതിന് ശേഷം തീ ഓഫാക്കുക. എന്നിട്ട് തയ്യാറാക്കിയ ചായ മറ്റൊരു പാത്രത്തിൽ അരിച്ച് ഒഴിക്കുക. അതിന് ശേഷം രണ്ടോ മുന്നോ തവണ ഒഴിച്ച് അടിച്ച് എടുക്കുക.
സ്വാദിഷ്ടമായ രണ്ട് കപ്പ് സാധാരണ ചായയാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. മറ്റ് ഫ്ലേവറുകളിലെ ചായയാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ (ഏലയ്ക്ക, ഇഞ്ചി, കറുവപ്പട്ട തുടങ്ങിയവ) തേയില തിളപ്പിക്കുന്ന സമയത്ത് ചേർത്തു കൊടുക്കാവുന്നതാണ്.