കുട്ടികളിൽ കാണുന്ന ദന്തരോഗങ്ങൾ എങ്ങനെ പരിഹരിക്കാം

0
30
dental-care-for-children-

കുഞ്ഞുങ്ങളുടെ ദന്താരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം പല്ലുംവായ്ക്കകവും വൃത്തിയായി സൂക്ഷിക്കുകയെന്നതാണ്. കൂടാതെ പോഷക സമ്പുഷ്ടമായ ആഹാരം കഴിക്കുകയും, ദന്തരോഗങ്ങള്‍ക്ക് തുടക്കത്തിലേ വേണ്ട പ്രതിവിധികള്‍ സ്വീകരിക്കുകയും ചെയ്യുക. പല്ലിൻെറ ശുചിത്വത്തിലെ ശ്രദ്ധ മുലയൂട്ടുന്ന കാലം മുതല്‍ തുടങ്ങണം. വായില്‍ തളം കെട്ടി നില്‍ക്കുന്ന പാലിൻെറ അംശം, കുറുക്കുകളുടെ അവശിഷ്ടം ഇവ വൃത്തിയാക്കുവാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ആഹാരശേഷം കൊടുക്കുകയും, മൃദുവായ തുണി വെള്ളത്തില്‍ മുക്കി തുടച്ചെടുക്കുകയും വേണം. ഒട്ടിപ്പിടിക്കുന്ന മധുരമുള്ള ഭക്ഷണസാധനങ്ങള്‍ കഴിവതും ഒഴിവാക്കുക. കുഞ്ഞുങ്ങള്‍ തനിയെ വായ്‌ കഴുകാന്‍ പ്രായമായാല്‍, ഭക്ഷണം കഴിച്ചാല്‍ വായ്‌ കഴുകുന്നതും, ശരിയായ രീതിയിലുള്ള ടൂത്ത്‌ ബ്രഷിൻെറ ഉപയോഗവും ശീലിപ്പിക്കുക. 

ആരോഗ്യമുള്ള പല്ലുകള്‍ക്ക്‌ മോണകളുടെ ആരോഗ്യം അത്യന്താപേക്ഷിതമാണ്. പല്ലുതേയ്ക്കുമ്പോള്‍ വിരലുകള്‍കൊണ്ട് മോണകള്‍ മസ്സാജ് ചെയ്യുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് മോണകളെ ബലപ്പെടുത്താൻ സഹായിക്കും. കൂടാതെ പല്ലിൻെറ നിര തെറ്റി വന്ന് പൊങ്ങി അഭംഗി ഉണ്ടാകുന്നത് തടയുവാനും, മോണകളെ ശുചിയാക്കുവാനും സഹായിക്കും. ഗര്‍ഭകാലത്തും മുലയൂട്ടുമ്പോഴും അമ്മയുടേയും കുഞ്ഞിൻേറയും ആഹാരത്തില്‍ കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നീ ധാതുക്കള്‍ ശരിയായ അളവില്‍ ഉള്‍പ്പെടുത്തണം. ശരിയായ സമയത്തും ആരോഗ്യത്തോടെയും ഉള്ള ദന്തോത്പത്തിക്കും വളര്‍ച്ചയ്ക്കും ഇതത്യാവശ്യമാണ്. ഏത്തപ്പഴം, പാല്‍, പാലുത്പന്നങ്ങള്‍, മുട്ട, ഇലക്കറികള്‍ എന്നിവ ധാരാളം ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കറുത്ത എള്ള് ചവച്ചരച്ച് കഴിക്കുന്നത് പല്ലിനെ ബലപ്പെടുത്തും. കുട്ടികള്‍ വ്യായാമം ലഭിക്കുന്ന കളികളില്‍ ഏര്‍പ്പെടുന്നതുവഴി ശരീരത്തിന് വിറ്റാമിന്‍ ഡി ആവശ്യത്തിന് ലഭിക്കുകയും, ആഗിരണം ചെയ്ത കാത്സ്യം എല്ലിൻെറയും പല്ലിൻെറയും വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്തുവാൻ സഹായിക്കുകയും ചെയ്യും. 

മോണ പഴുപ്പ് പല്ലിന് ബലക്ഷയവും, പോടുകള്‍ ഉണ്ടാവാനും കാരണമാകും. കേടുവന്ന പല്ലുകള്‍ ഉടനടി ചികിത്സിക്കുന്നത് കേട് മറ്റുപല്ലുകളിലേക്ക് വ്യാപിക്കുന്നത് തടയും. കൂടാതെ മേല്‍പ്പറഞ്ഞ രോഗങ്ങള്‍ അവഗണിച്ചാല്‍ വായില്‍ പെരുകുന്ന ബാക്ടീരിയ തൊണ്ടയിലേക്ക്‌ കടന്ന് ടോണ്‍സലൈറ്റിസ് മുതലായ രോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. രണ്ടുനേരം പല്ല് തേപ്പിക്കുക, ഉപ്പുവെള്ളം കവിള്‍ കൊള്ളുക, പല്ലിലെ പോടുകള്‍, മോണപഴുപ്പ്‌ ഇവ ഉടന്‍ ചികിത്സിച്ച് മാറ്റുക .നേര്‍ത്ത പനിയുള്ളപ്പോള്‍ മരുന്നുകള്‍ വൈദ്യനിര്‍ദ്ദേശപ്രകാരം നല്‍കുക. വായില്‍ പുണ്ണ്, ദുര്‍ഗന്ധം എന്നീ ലക്ഷണങ്ങൾ കുട്ടികളില്‍ കാണാറുണ്ട്‌. പ്രതിരോധശേഷിക്കുറവ്, ദഹനം ശരിയാകാതിരിക്കുക, ശരിയായ പോഷകാഗിരണം നടക്കാതിരിക്കുക എന്നിവയാണ് ഇതിന് കാരണം. പല്ലിന് നിറവ്യത്യാസം, പുളിപ്പ് എന്നിവയാണ് ദന്തക്ഷയത്തിൻെറ ആദ്യലക്ഷണങ്ങള്‍. പല്ലില്‍ ദ്വാരമോ വിടവോ ഉണ്ടാകുന്നതുവരെ ഇതാരും ശ്രദ്ധിക്കാറില്ല. പല്ലിൻെറ ക്ഷയം പള്‍പ്പിനെ ബാധിക്കുന്ന അവസ്ഥയില്‍ എത്തുമ്പോഴാണ് കുട്ടികള്‍ക്ക് വേദന, നീര്, പഴുപ്പ് എന്നിവ ഉണ്ടാകുന്നത്. റൂട്ട്കനാല്‍ ചികിത്സയാണ് ഈ രോഗത്തിനുള്ള പ്രതിവിധി. പല്ല് മുളക്കുമ്പോള്‍ തന്നെ പല്ലിൻെറ ആരോഗ്യം സംരക്ഷിച്ചാൽ ദന്തരോഗങ്ങളിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ നമുക്ക് സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here