നിരവധി ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമായ ഒരു സസ്യമാണ് താമര. താമരയുടെ വേര്, കിഴങ്ങ്, തണ്ട്, ഇല, പൂവ് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. താമരയുടെ പൂവും കിഴങ്ങും തണ്ടും ആഹാരത്തിനും ഉപയോഗിക്കുന്നു. ശരീരബലം വർധിപ്പിക്കുന്നതിന് താമരപ്പൂവ് ഉണക്കി പൊടിയാക്കി പാലിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. താമരപ്പൂവിൻെറയും റോസാപ്പൂവിൻെറയും ഇതളുകൾ ഉണക്കിപ്പൊടിയാക്കി ദേഹത്തു പുരട്ടുന്നത് ശരീര ദുർഗന്ധം അകറ്റാൻ സഹായിക്കുന്നു. ശരീരത്തിന് തണുപ്പ് ലഭിക്കുന്നതിനും ഇത് നല്ലതാണ്. നാഡീരോഗങ്ങൾ അകറ്റാൻ താമരപ്പൂവ് കഷായം നല്ലതാണ്.
മുഖക്കുരു മാറുന്നതിന് താമരയിലയും ഗ്രീൻടീയും ചേർത്ത് അരച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. താമരത്തണ്ടിൽ വിറ്റാമിൻ സിയും ധാതുക്കളുമുണ്ട്. താമരത്തണ്ട് ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ഛർദ്ദി ശമിപ്പിക്കാൻ സഹായിക്കും. താമരയുടെ കേസരങ്ങളും താമരയുടെ അടിഭാഗവും ചേർത്ത് അരച്ച് കഴിച്ചാൽ വയറിളക്കത്തിന് ശമനം ലഭിക്കും. താമരക്കിഴങ്ങ് പോഷകപ്രദമായ ആഹാരമാണ്. ഇത് വിളർച്ച തടയാൻ സഹായിക്കും.
- ഉയർന്ന രക്തസമ്മർദ്ദം, വയറിളക്കം എന്നിവ ചികിത്സിക്കാൻ താമര വിത്തുകൾ സഹായിക്കുന്നു.
- അവയിൽ പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.
- വിത്തിൻ്റെ ഭ്രൂണത്തിൽ ഐസോക്വിനോലിൻ ആൽക്കലോയിഡ് എന്ന ഔഷധസംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും രക്താതിമർദ്ദം കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു.
- ചർമ്മ രോഗങ്ങൾ ശമിപ്പിക്കാൻ താമരക്കുരു അരച്ച് പുരട്ടുന്നത് നല്ലതാണ്.
പഴമക്കാർ പനി ബാധിച്ച ആളുടെ ദേഹത്ത് പൊതിയാൻ താമരയില ഉപയോഗിച്ചിരുന്നു. ഇന്നും വേനൽച്ചൂടിനെ നേരിടാനുള്ള ഏറ്റവും നല്ല വീട്ടുവൈദ്യമായി താമരയില ഉപയോഗിക്കുന്നുണ്ട്. കരളിനെ ശക്തിപ്പെടുത്താനും ഉദരരോഗങ്ങൾ ഭേദമാക്കാനും ഊർജ്ജം വീണ്ടെടുക്കാനും താമരയിലകൾ ഔഷധമായി ഉപയോഗിക്കുന്നു. മൂത്രാശയ അണുബാധയിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനും ഗർഭാശയ രക്തസ്രാവം നിയന്ത്രിക്കുന്നതിനും താമര ഔഷധമായി ഉപയോഗിക്കുന്നു. ഐശ്വര്യത്തിനും അലങ്കാരത്തിനും മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും താമരയ്ക്ക് ഇന്ന് വളരെയധികം പ്രാധാന്യം ഉണ്ട്.