അവശ്യ വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് പഴങ്ങൾ. അവ വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയൻ്റുകൾ എന്നിവയാൽ സമ്പന്നമാണ്. പഴങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങളും ക്യാൻസറും വരാനുള്ള സാധ്യത കുറയ്ക്കുന്നു. ആപ്രിക്കോട്ട്, ആപ്പിൾ, ഗ്രേപ്ഫ്രൂട്ട് തുടങ്ങിയ പഴങ്ങളിൽ ഫ്ലേവനോയ്ഡുകൾ, നാരുകൾ, കരോട്ടിനോയിഡുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. സ്ട്രോബെറി, ആപ്പിൾ, വാഴപ്പഴം, മാമ്പഴം തുടങ്ങിയ നാരുകളാൽ സമ്പുഷ്ടമായ പഴങ്ങൾക്ക് ക്യാൻസർ തടയുന്നതിനുള്ള കഴിവുണ്ട്.
നാരുകളാൽ സമ്പന്നമായ പഴങ്ങൾ രക്തത്തിലെ കൊളസ്ട്രോളുകളുടെ അളവ് നിയന്ത്രിക്കുകയും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഉയർന്ന നാരുകളുള്ള പഴങ്ങൾ പോഷകഗുണങ്ങൾ നിലനിർത്തുകയും മനുഷ്യ ശരീരത്തിലെ ദഹനപ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു. ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയുന്നു. പൊട്ടാസ്യം അടങ്ങിയ വാഴപ്പഴം, ഓറഞ്ച്, അവോക്കാഡോ തുടങ്ങിയ പഴങ്ങൾ സാധാരണ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കും . അവയിൽ കാർബോഹൈഡ്രേറ്റും കൊഴുപ്പും കുറവാണ്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള പഴങ്ങൾ ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും .
വിറ്റാമിൻ എ അടങ്ങിയ പഴങ്ങൾ മുടിക്ക് തിളക്കം നൽകുന്നു. കൂടാതെ ഉയർന്ന അളവിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിൻെറ തിളക്കം നിലനിർത്താനും സഹായിക്കുന്നു. പഴങ്ങളിൽ കാൽസ്യം, മഗ്നീഷ്യം എന്നിവയും വിറ്റാമിൻ ഇ , വിറ്റാമിൻ കെ പോലുള്ള അവശ്യ വിറ്റാമിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. പഴങ്ങളിൽ ഫോളേറ്റ് (ഫോളിക് ആസിഡ്) അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ ചുവന്ന രക്താണുക്കൾ രൂപപ്പെടുത്താൻ സഹായിക്കുന്നു. അതിനാൽ ഗർഭിണികൾ ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് തുടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് ഭ്രൂണത്തിലെ ശാരീരികവും മാനസികവുമായ വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിക്ക് പഴങ്ങൾ അത്യുത്തമമാണ്.