നല്ല സൗഹൃദങ്ങൾ ലഭിക്കുക എന്നത് ഒരു ഭാഗ്യമാണ്. ഒരു വ്യക്തിയെ കൈപിടിച്ച് ഉയർത്തുന്നതിൽ സൗഹൃദത്തിന് വളരെ വലിയ സ്ഥാനമാണുള്ളത്. എന്നാൽ ഈ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാനും ശ്രമിക്കണം.സൗഹൃദം നഷ്ടപ്പെടാൻ ചിലപ്പോൾ നിസ്സാര തെറ്റുകൾ മതി. സൗഹൃദങ്ങൾ നഷ്ടപ്പെട്ടുപോകാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് അറിയാം.
സ്വയം തെരഞ്ഞെടുക്കുക
നിങ്ങൾ സ്വയം കൂട്ടുകാരെ തെരഞ്ഞെടുക്കുക. ഇത് മറ്റൊരാളെ എൽപ്പിക്കരുത്. നിങ്ങൾ എങ്ങനെയാണോ അങ്ങനെ തന്നെ നിങ്ങളെ സ്നേഹിക്കുന്നവർ ആണ് യഥാർത്ഥ സുഹൃത്തുക്കൾ. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ നമ്മളെ സ്നേഹിക്കുന്നവർ ആണ് യഥാർത്ഥ സുഹൃത്തുക്കൾ.
നല്ല സുഹൃത്തുക്കൾ
നല്ല സൗഹൃദങ്ങൾ തെരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആരൊക്കെയാണ് നല്ല സുഹൃത്തുക്കൾ എന്നറിയാൻ എളുപ്പ മാർഗ്ഗം ഒന്നും ഇല്ല. ചില പ്രതിസന്ധികൾ നമ്മുടെ ജീവിതത്തിൽ കടന്നുവരുമ്പോൾ നല്ല സുഹൃത്തുക്കൾ കടന്നുവരും. സുഹൃത്ത് ബന്ധങ്ങളുടെ ഗുണനിലവാരം എത്രത്തോളം മെച്ചപ്പെടുന്നുവോ അത്രത്തോളം ഒരാൾ സന്തോഷവാനായിരിക്കുമെന്ന് ഗവേഷണങ്ങൾ തെളയിച്ചിട്ടുണ്ട്.
അവരെ കേൾക്കുക
സൗഹൃദത്തിൽ എപ്പോഴും നല്ല കേൾവിക്കാർ ആകാൻ ശ്രദ്ധിക്കുക. കൂട്ടുകാർ തമ്മിൽ പരസ്പരം പറയാൻ ഉള്ളത് കേൾക്കാൻ ശ്രമിക്കണം. നിങ്ങളുടെ സുഹൃത്തിൻ്റെ വീക്ഷണകോണിൽ നിന്ന് അവരുടെ സാഹചര്യം മനസ്സിലാക്കുക. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അതിനെക്കുറിച്ച് അവരോട് ചോദിക്കുകയും അവരെ കേൾക്കുകയും ചെയ്യുക എന്നതാണ് ഒരു പ്രധാന കാര്യം.
സത്യസന്ധത.
സൗഹൃദത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് സത്യസന്ധത. സൗഹൃദത്തിൽ മാത്രമല്ല ഏതൊരു ബന്ധത്തിലും സത്യസന്ധത ഏറെ പ്രധാനമാണ്. നമ്മൾ എത്ര സത്യസന്ധർ ആയിരിക്കുന്നുവോ അത്രത്തോളം മറ്റുള്ളവർക്ക് നമ്മോടുള്ള വിശ്വാസം കൂടും.
അവരെ അംഗീകരിക്കുക
ചില കുറവുകളും പോരായ്മകളും എല്ലാവർക്കും ഉണ്ടാകും. അവരുടെ കുറ്റം ഉള്ളിൽ വച്ച് പെരുമാറുന്നത് ഒരു ശരിയായ കാര്യമല്ല. ഈ പോരായ്മകളും അതിൻ്റെ നെഗറ്റീവ് വശങ്ങളും മനസ്സിലാക്കുകയും അതിനെ അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് ഒരു നല്ല സൗഹൃദം വളർത്തിയെടുക്കാൻ സാധിക്കുന്നത്.
കാര്യങ്ങൾ മനസ്സിലാക്കുക
സുഹൃത്തുക്കൾ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്നതിൽ നിങ്ങൾ കരുതൽ ഉള്ളവരാകുക. നിങ്ങളുടെ സുഹൃത്തിൻ്റെ മാനസികാവസ്ഥ മനസ്സിലാക്കി അവർക്ക് വേണ്ട പിന്തുണ നൽകുക. എല്ലാവരുടെ ജീവിതത്തിലും ചില മോശം കാലഘട്ടങ്ങൾ ഉണ്ടാകും. ആ സമയത്ത് നമ്മുടെ കൂടെ നിൽക്കാനും ആശ്വസിപ്പിക്കാനും ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് എല്ലാവരും ആഗ്രഹിക്കും. ജീവിതത്തിലെ പ്രതിസന്ധികൾ പരിഹരിക്കാനും ഒരു പോസിറ്റീവ് എനർജി നൽകാനും സുഹൃത്തുക്കൾക്ക് കഴിയും.